മലപ്പുറം: കാലവര്‍ഷം കനത്തു പെയ്യുമ്പോള്‍ ജില്ലയിലെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഗുരുതര അപാകതയെന്ന് ആരോപണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യ വകുപ്പിന്റെയും ഏകോപനമില്ലായ്മയാണ് പ്രശ്നമെന്നാണ് ആക്ഷേപം. ഡെങ്കിപ്പനി, എലിപ്പനി, വയറിളക്ക രോഗങ്ങള്‍ എന്നിവ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യം കാര്യങ്ങളുടെ ഗൗരവം വര്‍ധിപ്പിക്കുകയാണ്.
ഡ്രൈ ഡേ ആചരണവും ഉറവിട നശീകരണവും പേരിന് മാത്രം ഒതുങ്ങിയതാണ് രോഗവ്യാപനത്തിന് ഇടയാക്കിയതെന്നാണ് വിമര്‍ശനം. പല തദ്ദേശ സ്ഥാപനങ്ങളിലും മഴക്കാലപൂര്‍വ ശുചീകരണ ഫണ്ട് കൃത്യസമയത്ത് വിനിയോഗിക്കാത്തതും ഹരിതകര്‍മ സേനയുടെയും ശുചീകരണത്തൊഴിലാളികളുടെയും സേവനം ഫലപ്രദമായി ഏകോപിപ്പിക്കാത്തതും തിരിച്ചടിയായിട്ടുണ്ട്. പൊതുവഴികളിലെയും മറ്റും അഴുക്കുചാലുകള്‍ ശുചീകരിക്കാത്തതിനാല്‍ മലിനജലം കെട്ടിക്കിടന്ന് കൊതുകുകള്‍ പെരുകുന്ന സാഹചര്യമുണ്ട്.
ഡ്രൈ ഡേ ആചരണം വാര്‍ഡുതല ആരോഗ്യ സമിതികളുടെ യോഗങ്ങളില്‍ മാത്രം ഒതുങ്ങിയെന്നും ഫീല്‍ഡ് തലത്തില്‍ ബോധവത്കരണമോ പരിശോധനയോ നടക്കുന്നില്ലെന്നും ആരോപണമുണ്ട്.
ഹോട്ട്സ്പോട്ടുകളില്‍ ശ്രദ്ധയില്ല
പൊന്നാനി, താനൂര്‍, പരപ്പനങ്ങാടി തുടങ്ങിയ തീരദേശ മേഖലകളിലും വണ്ടൂര്‍, നിലമ്പൂര്‍ തുടങ്ങിയ മലയോര മേഖലകളിലും പ്രത്യേക പ്രതിരോധ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇവയൊന്നും കൃത്യമായി നടപ്പക്കായിട്ടില്ലെന്നാണ് പരാതി. ലേബര്‍ ക്യാമ്പുകളിലും നിര്‍മാണ മേഖലകളിലും ആരോഗ്യ വകുപ്പ് നടത്തേണ്ട പരിശോധനകള്‍ മുടങ്ങിയതും രോഗവ്യാപന ഭീഷണിക്കിടയാക്കി.
അനാസ്ഥക്കെതിരേ പ്രതിഷേധം
പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ ഉദ്യോഗസ്ഥ അനാസ്ഥക്കെതിരേ ജനങ്ങളില്‍നിന്ന് പ്രതിഷേധം. കൊതുക് നശീകരണവും ഡ്രൈ ഡേ ആചരണവും ഊര്‍ജിതമാക്കണമെന്നാണ് ആവശ്യം.